Thursday, January 15, 2009

അയ്‌... അയ്‌.. ചെന്നായ്യ്‌!!!

ഞാന്‍ രണ്ടാം ക്ലസ്സീന്ന് മൂന്നാം ക്ലാസ്സിലേക്ക്‌ ജയിച്ചിരിക്കണ വേനലൊഴിവിനാണ്‌ ഇത്‌ സംഭവിക്കുന്നത്‌.
അമ്മ എന്റെ കസ്സിന്റെ മൂന്നാം തരത്തിലെ പാഠപുസ്തകം എനിക്ക്‌ തന്നിരുന്നു. അതിലെ ടൈഗര്‍ എന്ന ഒരു പാഠം നിങ്ങളോര്‍ക്കുന്നോ എന്നെനിക്കറിയില്ല, എന്നാല്‍ ഇന്നും എന്നെ ചമ്മിച്ചോണ്ട്‌ ആ ഒര്‍മ്മ വരും :)
ആ കഥയില്‍ നിന്നാണ്‌ ഞാന്‍ ആദ്യമായി ചെന്നായിനെ കുറിച്ച്‌ കേള്‍ക്കണത്‌..മനസ്സില്‍ മുഴുവന്‍ ആ കഥയില്‍ കൊടുത്തിരിക്കുന്ന രോമാവൃതമായ ചെന്നായുടെ പടമാ.
അന്നൊരു വൈകുന്നേരം അച്ഛന്‍ എന്നെ ഗ്രാമത്തിന്റെ അതിരിലുള്ള ബാലു അണ്ണന്റെ കടയിലേക്കു വിട്ടു. തിരിച്ച്‌ വരണ വഴിയില്‍ സുബ്ബലക്ഷ്മിടിച്ചറിന്റെ വീടിനു മുന്നിലെത്തി.. അതാ നില്‍ക്കുന്നു മുന്നില്‍ നിറയെ രോമങ്ങളുള്ള നായയെ പോലിരിക്കുന്ന ഒരു ജീവി!.
പണ്ടെ അത്ഭുതജീവിയായിരുന്നല്ലോ ഞാന്‍!.. മനസ്സിലുറപ്പിച്ചു; ചുവന്ന നിറം, നിറയെ രോമങ്ങള്‍, കൂര്‍ത്ത്‌ മുകളിലേക്കുയര്‍ന്നു നിക്കണ ചെവികള്‍, ആശാന്‍ ചെന്നായ തന്നെ!. ഇത്തിരി മാറി ഞാന്‍ സകൂതം നോക്കി നില്‍ക്ക്വാ.. ഇത്‌ കുറച്ച്‌ ദൂരെ നിന്നു തന്നെ പാല്‍ക്കാരന്‍ കേശവന്‍ കണ്ടോണ്ട്‌ വര്‌ണ്‌ണ്ട്‌. അയാളെന്നോട്‌ പറഞ്ഞു "മകനെ ചട്ട്ന്ന് വീട്ടിക്ക്‌ പോ, നായിനെ കണ്ടില്ലെ??, അത്‌ ഉണ്ണിനെ കടിക്ക്വള്ളൂ"
ചെന്നായ മാത്രം മനസ്സില്‍ നിറഞ്ഞ്‌ നിക്കണ എനിക്ക്‌ നായക്കും ചെന്നായക്കും തമ്മിലുള്ള വ്യത്യാസം അറിഞ്ഞില്ല, അതിനെടയില്‍ അയാളുടെ ഭീഷണിയും.. വെച്ചൊരു കീറ്‌. ഒറ്റ ഓട്ടത്തിന്‌ നാലഞ്ചു വീട്‌ അകലെയുള്ള എന്റെ വീട്ടിലെത്തിയതെ അറിഞ്ഞുള്ളൂ. ഇതിനിടയില്‍ ബഹളം കേട്ട്‌ വിരണ്ട നായയും എന്റെ പിന്നാലെ.
വീട്ടിചെന്നു കേറുമ്പൊ ഉമ്മറത്ത്‌ പണീക്കോടത്ത്‌ അച്ഛനും ചെറിയച്ഛനും അച്ച്ച്ഛനും അപൂച്ചീം ചീനിമാമനൂം പണീയണുണ്ട്‌ട്ടൊ.. അമ്മമ്മയും ഉമ്മറപ്പടീല്‍ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്‌.
ഞാനാണെങ്കിലോ പേടിച്ച്‌ കണ്ണൊക്കെ തുറിച്ച്‌ ശ്വാസം കഴിക്കാന്‍ തന്നെ വിഷമിച്ചാ നിക്കണത്‌. അമ്മമ്മാ ഓടി വന്നു വട്ടം പിടിച്ചു. എല്ലാരുടേം വക ചോദ്യശരങ്ങളും.. അപ്പഴാണു റൊഡീക്കൂടെ നമ്മടെ നായകന്‍ ശരം പോലെ പടിഞ്ഞാട്ട്‌ പാഞ്ഞു പോണു.
ഞാന്‍ മെല്ലെ കൈ ചൂണ്ടി പറഞ്ഞു "അയ്‌.. അയ്‌.. ചെന്നായ്യ്‌.."
പുതിയ പാഠപുസ്തകങ്ങല്‍ കിട്ടിയതിന്റെ ബഹളവും അതിലേറേ എന്റെ സംശയങ്ങള്‍ കൊണ്ട്‌ എന്നെ ചോത്തിയക്കാരി എന്നു കളിയാക്കി വിളിക്ക്‌ണ എന്റെ അച്ച്കന്‌ കാര്യം മനസ്സിലാകാന്‍ വേറെ വിശദീകരണം ഒന്നും വേണ്ടി വന്നില്ല.. അച്ചടെ ഓറക്കെ ഉള്ള ചിരി മറ്റുള്ളോരിലേക്കും പടര്‍ന്നു.."ടീ കാളീ, ഇവടെ എവടന്ന് ചെന്നായ വരാനാ, അത്‌ സാധാരണ നായയാ, കാറ്റ്‌ പോയി പേടിച്ച്‌ :):)"
ഇപ്പളും ചൊകല നായകള്‍ പോണ കാണുമ്പൊ അച്ഛനും ഇല്ലച്ച്കനും കളിയാക്കും..
അയ്‌..അയ്‌.. ചെന്നായ്യ്‌!!!!