Saturday, February 2, 2019

കുന്നിമണിക്കാലം -1

ഓർമ്മകളാണ് നിറയെ!
കണ്ടിട്ടുണ്ടോ, പരന്നു കിടക്കുന്ന പാറകൾക്ക്‌ നടുവിൽ ഇത്തിരി മണ്ണിൽ നിറയെ ശിഖരങ്ങളായി മുള്ളും കൂർപ്പിച്ച് നിൽക്കുന്ന കള്ളിച്ചെടികളെ? ഇടയ്ക്കൊക്കെ നല്ല ചന്തമുള്ള വലിയ പൂക്കളെ?...വലിയ വെളുത്ത അറ്റത്ത് മഞ്ഞയും ചുവപ്പും വർണ്ണങ്ങൾ നേരിയ ഇഴയോടിയ  പൂക്കൾ?
അത് പോലെ മനോഹരമാണ് അത്.

നടു വാസൽ  കേറിയപ്പോ ചേമ്പ്ര മാമയുണ്ട്
തിണ്ണയില്  നിൽക്ക്ണ്
എന്നെ കണ്ടതും വെളുക്കനെ ചിരിച്ചു  ‘ ഉണ്ട്ഹേ’ എന്ന് വാത്സല്യത്തോടെ വിളിച്ചു.
ചിരിച്ചോണ്ട് ഉമ്മറത്തേക്ക് കേറിയപ്പോ അച്ചച്ചൻ മേശക്ക് പുറകിൽ അടകോലിൽ എന്തോ വെച്ച് ഈളിയ കൊണ്ട്  തേച്ചു മിനുക്കി തിളക്കം വരുത്തി
 കൊണ്ടിരിക്ക്ണുണണ്ട് , ശ്രീദേവി മൂക്കുത്തിയാണ്.
അച്ഛയുണ്ട് പൊള്ള മൂട്ടികൊണ്ടിരിക്കുന്നു.
അപ്പൂച്ചൻ നൂലിലിട്ട്‌ വാളി പോളിഷ് ചെയ്യണ്.
ചെറിയച്ചൻ നേരിപ്പോടും ഊതിക്കൊണ്ടിയിരിക്കുന്നൂ.
പാത്‌തിയിൽ ഉരുകിയ തിളക്കുന്ന സ്വർണ്ണം ചാലിലൂടെ ഒഴുകി ഉറച്ച് തുടങ്ങിയിട്ടുണ്ട്..
നേരിപോടിലെ കനല് കണ്ടിട്ടുണ്ടോ?, ഊതുമ്പോ വിരിഞ്ഞു തുടങ്ങിയ റെഡ്റോസ് പൂവിന്റെ ഇതളില്ലെ?, അത് പൊലെ  ഇണ്ടാകും. ഒരിക്കലെങ്കിലും അത് തൊട്ടു നിക്കണമന്ന് ഇണ്ടായിരുന്നൂ പക്ഷേ പററിയില്ല.സ്വർന്ണ്ണത്‌തോട് മൽസരിച്ച് തോറ്റ ഉമിയുടെ മുൻനിര പടയാളികൾ വെളുത്ത നനുത്ത ചാരമായി ചിതറിക്കിടക്കുന്നു.. ന്നാലും ചന്തമുണ്ട് ട്ടോ..

പിന്നെ പടി കവച്ച് വെക്കുംബോ അതിന്റെ ഓരത്ത് അമ്മ ഇരുന്ന് പാശി കൊണ്ട് ശിവനും പാർവ്വതിയും തയ്ക്കുന്നൂ.
വീട്ടിനകത്ത് നല്ല സുഖമുള്ള തണുപ്പും നേരിയ ഇരുട്ടും.. അവിടന്ന്‌ കൂടത്‌തിലേക്ക്‌ ഇറങ്ങുമ്പോ വലത് വശത്ത് ഇരുട്ടത്ത് ഉള്ള, എനിക്കും ഹരിക്കും മാത്രം ഇരിക്കാൻ പററണ കുഞ്ഞു തിട്ടയിൽ ഇർക്കണംന്നുണ്ടായിരുന്നൂ..പോട്ടെ വേണ്ട. ഇരുട്ടത്തിരിക്ക്‌ണത്‌ കാണാതെ ആരെങ്കിലും എരടിയാ നല്ലോണം ചീത്ത കിട്ടും…

‌ സോഫയിലും താഴെ നിലത്ത്മായി അച്ഛെമ്മമാരും അമ്മമ്മയും ഒക്കെയുണ്ട്..
അമ്മമ്മയുടെ അടുത്തിരുന്നു, അലക്കി അലക്കി കോട്ടൺ സാരിക്കും അമ്മമ്മയുടെ കൈ പോലെ മിനു മിനുപ്പ്‌..
അടുത്തിരുന്ന അടുത്ത പടി മടിയിൽ തല ചായ്ച്ച് കിടക്കുകയാണ്. ശുഷ്കിച്ച കൈ നെറുകയിലോക്കെ പരത്തുന്നു… ഉറക്കത്തിനിടയിലും കണ്ടൂ രണ്ട് മൂക്കിലെയും മൂക്കുത്തിയും കഴുത്തിലെ കറുത്ത ചരടിൽ കോർത്ത താലികൂട്ടവും മുത്തുമാലയും നെറുകയിലെ മജന്ത സിന്ദൂരം എല്ലാം അത് പോലെ തന്നെ ഇണ്ടട്ടോ. അറിയാതെ ആ സുഖത്തിൽ ഇത്തിരി മയങ്ങിപ്പോയി...
എണീറ്റപ്പോ മാധവൻ മാഷ്ടെ വീട്ടിലെ വലിയ പുളിമരത്‌തിലിരുന്ന് ഏതൊക്കെയോ കിളികൾ കരയുന്നു… രാവിലെയാണോ അതോ സന്ധ്യയാണോ, ഒന്നും മനസിലാകുന്നില്ല..അടുക്കളയിൽ നിന്നും ബോണടയോ ബജ്ജിയോ പൊരിയുന്ന മണം വരുന്നു, അമ്മ നാലുമണി പലഹാരം ഇൻടാക്കുകയാണ്.  കൈ കഴുക്ണതീയേ കൂടി പച്ച നിറമടിച്ച വാതിലിൽ കൂടെ പിന്നാലെക്ക് പോയി..
കിണറ്റിന്റ് കരയിൽ മുത്തിയമ്മ‌ പച്ചപ്പുതപ്പും പുതച്ച് വിരിച്ച ചണ ചാക്കിൽ കാലും നീട്ടി ഇരിക്ക്‌നുണ്ട്.   പിന്നാലെ രണ്ടാം കെട്ടിൽ നിന്നും കീയോ പീയോ ശബ്ദം കേക്ക്ണ്
എന്റെ കോഴിക്കുഞ്ഞുങ്ങ്ങൾ ആണ്. സ്കൂൾ പൂട്ടലിന് 12 എണ്ണം വാങ്ങിതന്നതാ അപ്പൂച്ചൻ. സ്കൂൾ തുറന്നു ഒരാഴ്ച ആകുമ്പളയ്ക്കും 5 എണ്ണവേ ഉളളൂ, ബാക്കിയൊക്കെ പോക്കാനും പരുന്തും പിടിച്ചു..
"കുഞ്ഞുവോ"… അമ്മമ്മയല്ലെ?  ആ വിളി പോലും അത് പോലെയുണ്ട്..
അല്ലെങ്കിലും എല്ലാരും, എല്ലാതും അത് പോലെ തന്നെ ഉണ്ടല്ലോ.. വിട്ടിട്ട് പടി കടന്ന് വന്നത്  ഞാനല്ലേ?
എല്ലാം ഓർത്ത് വന്നപ്പളെക്കും ഉറക്കം കിഴക്കൻ കാറ്റ് കൊണ്ട് പോയി!!!

Tuesday, September 29, 2015

ഒരു ലോകാന്ത്യ ദിനത്തിന്റെ ഓർമ്മക്കുറിപ്പ്

അലാറം 6 മണി അടിക്കുന്ന കേട്ടാണ് ഉണർന്നത്. മോനും ഏട്ടനും സുഖനിദ്ര. ലോകാവസാന ദിനായിട്ടും ഉറങ്ങണ കണ്ടില്ലേ? ഓ ശെരി ഉറങ്ങട്ടെ അവര് ., എന്നാ പിന്നെ ലോകാവസാനം സെപഷ്യൽ ഭൂമിവന്ദനം അങ്ങട്ട് ആയിക്കളയാം..
മണി ആറര. സൂര്യപ്രകാശത്തിനൊരു രക്തച്ഛവി ഇല്ലേ? ഭൂമിയുടെ കാന്തിക ശക്തി കുറയുംന്നാ വായിച്ചത്, എന്ന വച്ചാ acceleration due to gravity കുറയും , ഭാരക്കുറവ് അനുഭവപ്പെടും. നടത്തത്തിനൊക്കെ ഒരൊഴുക്ക് തോന്നുന്നുണ്ടോ ? അന്തരീക്ഷ വായുവെല്ലാം ബഹിരാകാശത്തേക്ക് രക്ഷപ്പെട്ടു പോവ്വല്ലോ! ശ്വാസം മുട്ട് അനുഭവപ്പെടുന്ന പോലെ? വാവ ഇപ്പോ അസ്വസ്ഥത കാരണം എണീറ്റു കരയുമായിരിക്കും. അതിന് പറഞ്ഞാലും മനസ്സിലാകില്ലല്ലോ, എന്തു ചെയ്യുമീശ്വര!
മണി 7 ആയി. പൂച്ചയും പട്ടിയുമൊക്കെ അവലക്ഷണത്തിൽ കരയുന്നുണ്ടോ? കിളികൾ നിർത്താതെ ചിലച്ചു കൊണ്ടിരിക്കുന്നോ? വരണ്ട വായു വ്യാപിക്കുന്നുവോ? ഏയ് ഇല്ല, ഇനിയുമില്ലേ ഒരു മണിക്കൂർ ഇരുപതു മിനിട്ടു കൂടെ ? അപ്ലക്കും എല്ലാം ശരിയാകും, ല്ലേ??
കൂർക്ക മെഴുക്കു പുരട്ടി അടുപ്പത്തു കേറ്റി ഓടിച്ചെന്നു ക്ലോക്കിൽ നോക്കി, 7.30 മണി! ഇരുളുന്നേന്റെ ലക്ഷണമൊന്നുമില്ല, വിശ്വാസം വരാതെ മുറ്റത്തിറങ്ങി ആകാശത്തേക്കു നോക്കി; ഏയ് അവടെ കുലുക്കമൊന്നൂല്ല്യ. വെളുക്കനെ ചിരിച്ചോണ്ട് അങ്ങനെ തന്നെയുണ്ട്.
ദൈവമേ കടൽത്തീരത്തേക്ക് കഷ്ടി 2 കി.മീ ദൂരേള്ളൂ. വമ്പൻ തിരമാലകൾ ഇതുവരെ വര്വോ എന്തോ! കടലിന്റെ അലർച്ച അടുത്തടുത്ത് വെരുന്നുണ്ടോ? ഏയ് , എവടന്ന് . ഇനിയും മുക്കാൽ മണിക്കൂറോളം സമയമുണ്ടല്ലോ! 
ജൂറാസിക് പാർക്ക് സിനിമയിൽ വിനാശത്തിന്റെ വിളുമ്പിൽ തലയിട്ടടിക്കുന്ന ദിനോസറുകൾ മിന്നി മറഞ്ഞു. 
ഓ ശ്രീയേട്ടൻ എണീറ്റല്ലോ. ദാ ചായ. ' ഏട്ടാ, ഒരു ഭാരക്കുറവ് തോന്നുന്നോ.' നയം വ്യക്തമാക്കുക എന്ന ചോദ്യം മുഖത്ത് - അല്ല; ചന്ദ്രൻ ഭൂമിക്കടുത്ത് വരുമ്പോ ഭൂമീടെ കാന്തിക ശക്തി കുറയും ന്നല്ലേ വായിച്ചേ? അപ്പൊ ഭൂഗുരുത്വ ബലവും കുറയില് ല്ലേ? അങനെയാച്ചാ നമ്മുടെ ഭാരവും കുറയില്ലേ? 'പോഡീ, അഞ്ചാറു അമീബ മാറുന്നേന്റെ വ്യത്യാസ മേ ഉള്ളൂ' ആ... ശെരി... , (ആസിഫ് അലി ', Jpeg). ആത്മ ഗതം - മിണ്ടാതിരിക്കുന്നതാ ബുദ്ധി.

മണി 8.50 ലോകാവസാനം പോയിട്ട് ഹും; മനുഷ്യനെ മിനക്കെടുത്താൻ :X. ദൈവമേ ഇനിയെങ്ങാനും ഗോശ്രീ പാലം കേറുമ്പോ വല്യ തിരമാല വന്നു ഒഴുക്കിക്കൊണ്ടോ വോെ ? അലൈൻ കർദ്ദി.....
ഒരു ദിവസ്സം മുഴുവൻ ലോകാവസാനം കാത്തിരുന്നു. ദാ വന്നൂ ദാ വന്നൂന്ന് പായ്യല്ലാണ്ടെ പൊടിപോലൂല്യ കണ്ട് പിടിക്കാൻ . മനുഷ്യൻ ദിവാ സ്വപ്നം കണ്ടത് മാത്രം മിച്ചം. feeling പുച്ഛം 
frown emoticon
 :(: (

Monday, October 31, 2011

മുമ്പേ നടക്കുക-

മുമ്പേ നടക്കുക;
അരമണി കിലുക്കി,
കുഴലൂതി, കുണുങ്ങി,
ചാഞ്ചാടിയാടി.
മുമ്പേ നടക്കുക
പിന്തുടര്‍ന്നു കൊള്ളാം 
എന്‍ ഓമല്‍ വെളിച്ചമേ
നിന്റെ തൃപ്പദങ്ങള്‍.
മുമ്പേ നടക്കുക,
ആശതന്‍ ഇലചാര്തുമായ്
അനുഗമിക്കാം നിന്നെ
നല്ലിളം കിടാവിനെപ്പോലെ.
മുമ്പേ നടക്കുക;
നിന്റെ പുകഴ്പാടി
ആനന്ദത്തില്‍ ആറാടി 
വീണമീട്ടി  അലഞ്ഞിടാം
മുമ്പേ നടക്കുക 
ആശയായ്, പ്രത്യാശയായ്
എന്നിലെ നിറവായ്‌ 
മുമ്പേ നടക്കുക. 



Thursday, January 15, 2009

അയ്‌... അയ്‌.. ചെന്നായ്യ്‌!!!

ഞാന്‍ രണ്ടാം ക്ലസ്സീന്ന് മൂന്നാം ക്ലാസ്സിലേക്ക്‌ ജയിച്ചിരിക്കണ വേനലൊഴിവിനാണ്‌ ഇത്‌ സംഭവിക്കുന്നത്‌.
അമ്മ എന്റെ കസ്സിന്റെ മൂന്നാം തരത്തിലെ പാഠപുസ്തകം എനിക്ക്‌ തന്നിരുന്നു. അതിലെ ടൈഗര്‍ എന്ന ഒരു പാഠം നിങ്ങളോര്‍ക്കുന്നോ എന്നെനിക്കറിയില്ല, എന്നാല്‍ ഇന്നും എന്നെ ചമ്മിച്ചോണ്ട്‌ ആ ഒര്‍മ്മ വരും :)
ആ കഥയില്‍ നിന്നാണ്‌ ഞാന്‍ ആദ്യമായി ചെന്നായിനെ കുറിച്ച്‌ കേള്‍ക്കണത്‌..മനസ്സില്‍ മുഴുവന്‍ ആ കഥയില്‍ കൊടുത്തിരിക്കുന്ന രോമാവൃതമായ ചെന്നായുടെ പടമാ.
അന്നൊരു വൈകുന്നേരം അച്ഛന്‍ എന്നെ ഗ്രാമത്തിന്റെ അതിരിലുള്ള ബാലു അണ്ണന്റെ കടയിലേക്കു വിട്ടു. തിരിച്ച്‌ വരണ വഴിയില്‍ സുബ്ബലക്ഷ്മിടിച്ചറിന്റെ വീടിനു മുന്നിലെത്തി.. അതാ നില്‍ക്കുന്നു മുന്നില്‍ നിറയെ രോമങ്ങളുള്ള നായയെ പോലിരിക്കുന്ന ഒരു ജീവി!.
പണ്ടെ അത്ഭുതജീവിയായിരുന്നല്ലോ ഞാന്‍!.. മനസ്സിലുറപ്പിച്ചു; ചുവന്ന നിറം, നിറയെ രോമങ്ങള്‍, കൂര്‍ത്ത്‌ മുകളിലേക്കുയര്‍ന്നു നിക്കണ ചെവികള്‍, ആശാന്‍ ചെന്നായ തന്നെ!. ഇത്തിരി മാറി ഞാന്‍ സകൂതം നോക്കി നില്‍ക്ക്വാ.. ഇത്‌ കുറച്ച്‌ ദൂരെ നിന്നു തന്നെ പാല്‍ക്കാരന്‍ കേശവന്‍ കണ്ടോണ്ട്‌ വര്‌ണ്‌ണ്ട്‌. അയാളെന്നോട്‌ പറഞ്ഞു "മകനെ ചട്ട്ന്ന് വീട്ടിക്ക്‌ പോ, നായിനെ കണ്ടില്ലെ??, അത്‌ ഉണ്ണിനെ കടിക്ക്വള്ളൂ"
ചെന്നായ മാത്രം മനസ്സില്‍ നിറഞ്ഞ്‌ നിക്കണ എനിക്ക്‌ നായക്കും ചെന്നായക്കും തമ്മിലുള്ള വ്യത്യാസം അറിഞ്ഞില്ല, അതിനെടയില്‍ അയാളുടെ ഭീഷണിയും.. വെച്ചൊരു കീറ്‌. ഒറ്റ ഓട്ടത്തിന്‌ നാലഞ്ചു വീട്‌ അകലെയുള്ള എന്റെ വീട്ടിലെത്തിയതെ അറിഞ്ഞുള്ളൂ. ഇതിനിടയില്‍ ബഹളം കേട്ട്‌ വിരണ്ട നായയും എന്റെ പിന്നാലെ.
വീട്ടിചെന്നു കേറുമ്പൊ ഉമ്മറത്ത്‌ പണീക്കോടത്ത്‌ അച്ഛനും ചെറിയച്ഛനും അച്ച്ച്ഛനും അപൂച്ചീം ചീനിമാമനൂം പണീയണുണ്ട്‌ട്ടൊ.. അമ്മമ്മയും ഉമ്മറപ്പടീല്‍ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്‌.
ഞാനാണെങ്കിലോ പേടിച്ച്‌ കണ്ണൊക്കെ തുറിച്ച്‌ ശ്വാസം കഴിക്കാന്‍ തന്നെ വിഷമിച്ചാ നിക്കണത്‌. അമ്മമ്മാ ഓടി വന്നു വട്ടം പിടിച്ചു. എല്ലാരുടേം വക ചോദ്യശരങ്ങളും.. അപ്പഴാണു റൊഡീക്കൂടെ നമ്മടെ നായകന്‍ ശരം പോലെ പടിഞ്ഞാട്ട്‌ പാഞ്ഞു പോണു.
ഞാന്‍ മെല്ലെ കൈ ചൂണ്ടി പറഞ്ഞു "അയ്‌.. അയ്‌.. ചെന്നായ്യ്‌.."
പുതിയ പാഠപുസ്തകങ്ങല്‍ കിട്ടിയതിന്റെ ബഹളവും അതിലേറേ എന്റെ സംശയങ്ങള്‍ കൊണ്ട്‌ എന്നെ ചോത്തിയക്കാരി എന്നു കളിയാക്കി വിളിക്ക്‌ണ എന്റെ അച്ച്കന്‌ കാര്യം മനസ്സിലാകാന്‍ വേറെ വിശദീകരണം ഒന്നും വേണ്ടി വന്നില്ല.. അച്ചടെ ഓറക്കെ ഉള്ള ചിരി മറ്റുള്ളോരിലേക്കും പടര്‍ന്നു.."ടീ കാളീ, ഇവടെ എവടന്ന് ചെന്നായ വരാനാ, അത്‌ സാധാരണ നായയാ, കാറ്റ്‌ പോയി പേടിച്ച്‌ :):)"
ഇപ്പളും ചൊകല നായകള്‍ പോണ കാണുമ്പൊ അച്ഛനും ഇല്ലച്ച്കനും കളിയാക്കും..
അയ്‌..അയ്‌.. ചെന്നായ്യ്‌!!!!

Monday, January 14, 2008

ഒരു അമ്മൂമ്മക്കഥ

ചില്ലുജാലകത്തിന്റെയിത്തിരി
സ്വാതന്ത്ര്യത്തിലെത്രനാള്?
പകലുകള് പിറക്കുന്നതും
പിന്നെ നീണ്ട രാത്രികളും
എത്രനാളീക്കനത്തക്കരിങ്കല്
ക്കോട്ടയിലേകാന്തവാസം?
നിരാശയുടെ കൂരിരുളില്
ദിശയറിയാതെ, ദിനങ്ങള-
റിയാതെ എരിഞ്ഞുതീരുന്നു!
പാഴ്ക്കിനാവായകലെ
കുതിരക്കുളമ്പടിനാദം.
കുഞ്ഞുകാറ്റിലെത്തിരിനാളം
പോലിത്തിരി പ്രതീക്ഷ!
വെള്ളക്കുതിരപ്പുറത്തേറി
നീണ്ടയുടവാളുമായൊരു പോരാളി,
യവന്റെയാക്രോശത്തില്
ഹൃദയത്തില് പെരുമ്പറഘോഷം.
ഉടവാളുലക്കുമ്പോളകലുന്നുവോ
ബന്ധനത്തിന്റെ ചിലന്തിവലകള്?
“മുടിക്കെട്ട് കല്‍പ്പടര്പ്പില്‍പ്പടര്‍ത്തി
ക്കാത്തിരിക്കാം, മതു നീണ്ട്നീണ്ടൊരു
കൈപ്പാടകലെയെത്തുന്നത് വരെ,
യാശയും കണ്ണിലെ പ്രതീക്ഷയും
നാളമായ് കാത്തുവെക്കാം.
പൊട്ടിച്ചിരിയില് വാക്കുകള്
നിര്‍ല്ലീനമായൊരുവേള് കണ്ടു
കണ്ണീല് കരുണ, പരിഹാസം
പൊട്ടിച്ചിരി, കടിഞ്ഞാണില് കൈ
മുറുകിയിത്തിരിവെട്ടവുമകന്നു പോയ്…
സ്വപ്നങ്ങള് പൊടിപടലങ്ങളില് മുങ്ങി
യിനിയൊരിക്കലും തിരിച്ചു കിട്ടാതെ
ത്തകര്ന്നു പോയെന്നിരുന്നാലും
വരുമായിരിക്കും, കൂടുതല് കരു-
ത്താര്‍ജ്ജിച്ചിനിയുമൊരുവേള
കാത്തിരിക്കാം, മുടിക്കെട്ട്ക്കല്
പ്പടര്‍പ്പില് പടര്ത്തിയേകയായ്..


(എന്റെ ഏകാന്തമായ കുട്ടിക്കാലത്ത് എനിക്കെപ്പോഴും കൂട്ട് അമ്മൂമ്മക്കഥകളായിരുന്നു.. അച്ഛന് വാങ്ങിത്തന്ന കുട്ടിക്കഥകളില് ഞാനന്നെ എന്നെ സ്വയം കഥാപാത്രമായി സങ്കല്പ്പിക്കുമായിരുന്നു.. ഞാന് കിളികളോടും പൂമ്പാറ്റകളോടും ഒക്കെ സല്ലപിക്കുന്നതായി സങ്കല്‍പിച്ച് ഫെയറി റ്റെയിലുകളിലെ കഥാ പാത്രമായി ജീവിച്ച് തീര്ത്ത മദ്ധ്യാഹ്നങ്ങള്.. എനിക്കേറ്റവും ഇഷ്ടം രാജകുമാരനെക്കാത്ത് മുടി കിളിവാതിലിലൂടെ പുറത്തിട്ട് കാത്തിരിക്കുന്ന രാജകുമാരിയുടെ കഥയാ.. മുകളിലത്തെ ഞങ്ങടെ മുറിയിലുള്ള ജനാലക്കലിരുന്നു ഞാനും ചിന്തിക്കുമായിരുന്നു എന്റെ മുടി നീണ്ട് നീണ്ട് താഴെ എത്തുമോ? അതില് പിടിച്ച് കയറി- ഹഹഹഹ!! വരുമൊ എന്ന്? ഇടക്കെല്ലാം വീണ്ടും ഞാനാ കുട്ടിക്കാലത്തേക്ക് തിരിച്ച് പോകാറുണ്ട്. ശുഭകാമനകളുടെ കുട്ടിക്കാലത്തേക്ക്!!)

നവസമാഗമത്തിന്നായ്

ഇത് നിനക്കായ്
എന് ഹൃദയത്തില് വാര്‍ന്നൊഴുകും
നിണത്താല്,
സ്നേഹത്താല് വിരചിതം.
അറിയില്ല, നീയെവിടെയാരെന്ന്?
എന്റെ സ്നേഹത്തിന്
കാന്തിക വലയത്തില്
ഒരു പക്ഷെ,
നീ വന്നണയാം..
എന്റെ ഏകാന്ത ദ്വീപില്
സ്നേഹത്തിന് പ്രവാചകാ
നിനക്ക് സുസ്വാഗതം..
എന്റെ സ്നേഹം
നിനക്കായ് തുളുമ്പിടുമ്പോള്
നിശ്ചലം
കാറ്റും നിഴലും വെളിച്ചവും!
മൃദുസംഗീത ഭൂവില്
നീയും ഞാനും- സ്നേഹവും മാത്രം!
എന്റെ സ്നേഹം
ഞാന്
പാനപാത്രത്തില് പകര്‍ന്നു നല്‍കാം-
നീയത് വലിച്ചുകുടി-
ച്ചെന്മനാസിലമരനായ്ത്തീരുക.
എന്റെ ഹൃദയത്തുടിപ്പിന്നായ്
നീ കാതോര്‍ക്കുമ്പോള്
ഞാന് മന്ത്രിക്കും –
നീയില്ലെങ്കില്
നിറവില്ല, നിഴലിന്നഴകില്ല,
നിലവില്ല, നീരിന്നു കുളിരില്ല:
നിശ്ചലം കാറ്റും വെളിച്ചവു
മുയിരിന്നലയും
എന്നിലെ ചേതസ്സിന് കിളിപ്പെണ്ണും!
എന്റെ ഏകാന്ത ദ്വീപില്
സ്നേഹത്തിന് പ്രവാചകാ
നിനക്ക് സുസ്വാഗതം..

Friday, July 6, 2007

തിരസ്കൃത..

ഇവള്‍-
സ്നേഹത്തിന്റെ തീക്കടലില്‍
കറതീര്‍ത്തെടുത്തവള്‍!
നിന്റെ നീട്ടിപിടിച്ച കൈകളില്‍
മറ്റൊന്നും നിനയാതെ
ഹൃദയം പകുത്തവള്‍.
രാവും പകലും, എന്തിനു?
ഈ കാണുന്നയുണ്മയത്രയും
നീയെന്നുഴറിയോള്‍..
നിന്റെ ഹൃദയത്തുടിപ്പിലൊരു
തുടിപ്പായ്‌ പിടച്ചവള്‍..
നിന്റെ സ്നേഹത്തിന്റെ നാമ്പൊ-
രു ജന്മസുക്രുതമായേറ്റെടുത്തോള്‍.
ഇന്നറിയുന്നു,വത്‌
ഉടലാകെ വ്യാപിച്ച്‌
പതിയെ.. പതിയെ..ജീവനെ
ദ്രവിപ്പിക്കുന്നമാരകവിത്തെന്നു!
എന്തിവള്‍തല്‍ തെറ്റ്‌?
നിനക്കായ്‌ പിടഞ്ഞതോ,
നിന്നില്‍ പൊടിഞ്ഞതോ?
അലിവായലിഞ്ഞൊഴുകി
നിന്റെ ഹൃദയത്തില്‍,
ചോരയില്‍, മാംസത്തിലലിഞ്ഞതോ?
ഒടുവില്‍നീയൊടുവായ്‌
പടിയിറങ്ങുമ്പോള്‍അറിയുന്നു-
ഇവള്‍ നിഷ്കാസിത,
മുഖം നഷ്ടമായ്‌,
ദ്രവിച്ചമരുന്ന മനസ്സുമായ്‌,
ഒരു നിഴലായ്‌,
ഗതികിട്ടലായാന്‍
വിധിക്കപ്പെടുമാത്മാവു
നഷ്ടപെട്ട വഴിവീഥിയില്‍.
വേണ്ട,യിനി നീയില്ലെങ്കി-
ലെനിക്കു നിറങ്ങള്‍,
വസന്തങ്ങള്‍ പൊട്ടിച്ചിരികള്‍.
നിഴലായ്‌
പിന്തുടര്‍ന്നേക്കാം നിന്നെ-
പക്ഷെ,
ജീവനിലേക്കുറ്റു നൊക്കുന്നൊ-
രീരണ്ടുകുഞ്ഞുമിഴികള്
‍വിശപ്പാല്‍
വിതുമ്പിപ്പിളരുന്നൊരീയരിയവായ്‌,
"അമ്മേ.. "യെന്നാര്‍ദ്രമായ്‌
നെഞ്ചിലുടക്കുന്ന വിളി
കഴുത്തില്‍,
പിരിയാനരുതാതെ പടരുന്ന
കുഞ്ഞിളം കൈകള്‍.....
വയ്യ!!!
ഇവള്‍ തിരസ്കൃത..
പിടയുന്ന വാക്കുകളില്‍
പടരുന്ന നോവുകളില്‍
എരിഞ്ഞൊടുങ്ങട്ടെ,
ഇവള്
‍അമ്മയെ മറക്കുന്ന,
മനസ്സിനെ മതിക്കാത്ത
ചീഞ്ഞു നാറുന്നൊരീ
സമൂഹത്തിന്
‍പാവം, പാവം ബലിയാടായ്‌!
ഇവള്‍ നിഷ്കാസിത-
ജീവിതത്തിന്റെ പുറമ്പോക്കിലേക്ക്‌
കുടിയൊഴിപ്പിക്കപ്പെട്ടവള്‍
ഇവള്‍-
സ്നേഹത്തിന്റെ തീക്കടലില്‍
കറതീര്‍ത്തെടുത്തവള്‍!
നിന്റെ നീട്ടിപിടിച്ച കൈകളില്‍
മറ്റൊന്നും നിനയാതെ
ഹൃദയം പകുത്തവള്‍.....