Friday, July 6, 2007

തിരസ്കൃത..

ഇവള്‍-
സ്നേഹത്തിന്റെ തീക്കടലില്‍
കറതീര്‍ത്തെടുത്തവള്‍!
നിന്റെ നീട്ടിപിടിച്ച കൈകളില്‍
മറ്റൊന്നും നിനയാതെ
ഹൃദയം പകുത്തവള്‍.
രാവും പകലും, എന്തിനു?
ഈ കാണുന്നയുണ്മയത്രയും
നീയെന്നുഴറിയോള്‍..
നിന്റെ ഹൃദയത്തുടിപ്പിലൊരു
തുടിപ്പായ്‌ പിടച്ചവള്‍..
നിന്റെ സ്നേഹത്തിന്റെ നാമ്പൊ-
രു ജന്മസുക്രുതമായേറ്റെടുത്തോള്‍.
ഇന്നറിയുന്നു,വത്‌
ഉടലാകെ വ്യാപിച്ച്‌
പതിയെ.. പതിയെ..ജീവനെ
ദ്രവിപ്പിക്കുന്നമാരകവിത്തെന്നു!
എന്തിവള്‍തല്‍ തെറ്റ്‌?
നിനക്കായ്‌ പിടഞ്ഞതോ,
നിന്നില്‍ പൊടിഞ്ഞതോ?
അലിവായലിഞ്ഞൊഴുകി
നിന്റെ ഹൃദയത്തില്‍,
ചോരയില്‍, മാംസത്തിലലിഞ്ഞതോ?
ഒടുവില്‍നീയൊടുവായ്‌
പടിയിറങ്ങുമ്പോള്‍അറിയുന്നു-
ഇവള്‍ നിഷ്കാസിത,
മുഖം നഷ്ടമായ്‌,
ദ്രവിച്ചമരുന്ന മനസ്സുമായ്‌,
ഒരു നിഴലായ്‌,
ഗതികിട്ടലായാന്‍
വിധിക്കപ്പെടുമാത്മാവു
നഷ്ടപെട്ട വഴിവീഥിയില്‍.
വേണ്ട,യിനി നീയില്ലെങ്കി-
ലെനിക്കു നിറങ്ങള്‍,
വസന്തങ്ങള്‍ പൊട്ടിച്ചിരികള്‍.
നിഴലായ്‌
പിന്തുടര്‍ന്നേക്കാം നിന്നെ-
പക്ഷെ,
ജീവനിലേക്കുറ്റു നൊക്കുന്നൊ-
രീരണ്ടുകുഞ്ഞുമിഴികള്
‍വിശപ്പാല്‍
വിതുമ്പിപ്പിളരുന്നൊരീയരിയവായ്‌,
"അമ്മേ.. "യെന്നാര്‍ദ്രമായ്‌
നെഞ്ചിലുടക്കുന്ന വിളി
കഴുത്തില്‍,
പിരിയാനരുതാതെ പടരുന്ന
കുഞ്ഞിളം കൈകള്‍.....
വയ്യ!!!
ഇവള്‍ തിരസ്കൃത..
പിടയുന്ന വാക്കുകളില്‍
പടരുന്ന നോവുകളില്‍
എരിഞ്ഞൊടുങ്ങട്ടെ,
ഇവള്
‍അമ്മയെ മറക്കുന്ന,
മനസ്സിനെ മതിക്കാത്ത
ചീഞ്ഞു നാറുന്നൊരീ
സമൂഹത്തിന്
‍പാവം, പാവം ബലിയാടായ്‌!
ഇവള്‍ നിഷ്കാസിത-
ജീവിതത്തിന്റെ പുറമ്പോക്കിലേക്ക്‌
കുടിയൊഴിപ്പിക്കപ്പെട്ടവള്‍
ഇവള്‍-
സ്നേഹത്തിന്റെ തീക്കടലില്‍
കറതീര്‍ത്തെടുത്തവള്‍!
നിന്റെ നീട്ടിപിടിച്ച കൈകളില്‍
മറ്റൊന്നും നിനയാതെ
ഹൃദയം പകുത്തവള്‍.....