Friday, July 6, 2007

തിരസ്കൃത..

ഇവള്‍-
സ്നേഹത്തിന്റെ തീക്കടലില്‍
കറതീര്‍ത്തെടുത്തവള്‍!
നിന്റെ നീട്ടിപിടിച്ച കൈകളില്‍
മറ്റൊന്നും നിനയാതെ
ഹൃദയം പകുത്തവള്‍.
രാവും പകലും, എന്തിനു?
ഈ കാണുന്നയുണ്മയത്രയും
നീയെന്നുഴറിയോള്‍..
നിന്റെ ഹൃദയത്തുടിപ്പിലൊരു
തുടിപ്പായ്‌ പിടച്ചവള്‍..
നിന്റെ സ്നേഹത്തിന്റെ നാമ്പൊ-
രു ജന്മസുക്രുതമായേറ്റെടുത്തോള്‍.
ഇന്നറിയുന്നു,വത്‌
ഉടലാകെ വ്യാപിച്ച്‌
പതിയെ.. പതിയെ..ജീവനെ
ദ്രവിപ്പിക്കുന്നമാരകവിത്തെന്നു!
എന്തിവള്‍തല്‍ തെറ്റ്‌?
നിനക്കായ്‌ പിടഞ്ഞതോ,
നിന്നില്‍ പൊടിഞ്ഞതോ?
അലിവായലിഞ്ഞൊഴുകി
നിന്റെ ഹൃദയത്തില്‍,
ചോരയില്‍, മാംസത്തിലലിഞ്ഞതോ?
ഒടുവില്‍നീയൊടുവായ്‌
പടിയിറങ്ങുമ്പോള്‍അറിയുന്നു-
ഇവള്‍ നിഷ്കാസിത,
മുഖം നഷ്ടമായ്‌,
ദ്രവിച്ചമരുന്ന മനസ്സുമായ്‌,
ഒരു നിഴലായ്‌,
ഗതികിട്ടലായാന്‍
വിധിക്കപ്പെടുമാത്മാവു
നഷ്ടപെട്ട വഴിവീഥിയില്‍.
വേണ്ട,യിനി നീയില്ലെങ്കി-
ലെനിക്കു നിറങ്ങള്‍,
വസന്തങ്ങള്‍ പൊട്ടിച്ചിരികള്‍.
നിഴലായ്‌
പിന്തുടര്‍ന്നേക്കാം നിന്നെ-
പക്ഷെ,
ജീവനിലേക്കുറ്റു നൊക്കുന്നൊ-
രീരണ്ടുകുഞ്ഞുമിഴികള്
‍വിശപ്പാല്‍
വിതുമ്പിപ്പിളരുന്നൊരീയരിയവായ്‌,
"അമ്മേ.. "യെന്നാര്‍ദ്രമായ്‌
നെഞ്ചിലുടക്കുന്ന വിളി
കഴുത്തില്‍,
പിരിയാനരുതാതെ പടരുന്ന
കുഞ്ഞിളം കൈകള്‍.....
വയ്യ!!!
ഇവള്‍ തിരസ്കൃത..
പിടയുന്ന വാക്കുകളില്‍
പടരുന്ന നോവുകളില്‍
എരിഞ്ഞൊടുങ്ങട്ടെ,
ഇവള്
‍അമ്മയെ മറക്കുന്ന,
മനസ്സിനെ മതിക്കാത്ത
ചീഞ്ഞു നാറുന്നൊരീ
സമൂഹത്തിന്
‍പാവം, പാവം ബലിയാടായ്‌!
ഇവള്‍ നിഷ്കാസിത-
ജീവിതത്തിന്റെ പുറമ്പോക്കിലേക്ക്‌
കുടിയൊഴിപ്പിക്കപ്പെട്ടവള്‍
ഇവള്‍-
സ്നേഹത്തിന്റെ തീക്കടലില്‍
കറതീര്‍ത്തെടുത്തവള്‍!
നിന്റെ നീട്ടിപിടിച്ച കൈകളില്‍
മറ്റൊന്നും നിനയാതെ
ഹൃദയം പകുത്തവള്‍.....

Tuesday, May 22, 2007

മഴനിനവുകള്‍

ഇലത്തുമ്പില്‍ നിന്നൂര്‍ന്നു വീഴും
മഴത്തുള്ളിയുടെ ഹൃദയ നൊമ്പരം
കലങ്ങിമറിഞ്ഞൊഴുകിപ്പോകും മഴ-
വെള്ളച്ചാലിലിഞ്ഞുപൊയകന്നുപോയ്‌
*********
മരച്ചില്ലകളെയാട്ടിയുലച്ച്‌
ആര്‍ത്തു പെയ്യുന്ന മഴ,
തന്റെ ജന്മദുഖങ്ങളെ
കരഞ്ഞു തീര്‍ക്കയാണോ?
അതു പോലെ നൊമ്പരങ്ങളും
ഒഴുകിത്തീര്‍ന്നിരുന്നെങ്കില്‍
*********
കറുത്തിരുണ്ട പടിഞ്ഞാറേ
ചക്രവാളത്തില്‍, മിന്നിത്തി-
ളങ്ങിയ മിന്നല്‍പ്പിണരില്‍
തനിച്ചു മാറിനിന്ന പനിനീര്‍-
ച്ചെടിഞ്ഞെട്ടിയുണര്‍,ന്നൊരു
കുഞ്ഞു പൂമൊട്ടു വിടര്‍ന്നു
പിന്നെയതുമനാഥമായീ
പിടഞ്ഞെരിന്നൊടുങ്ങി....
*********
കൂട്ടം തെറ്റിപ്പിരിഞ്ഞ
കുഞ്ഞുമേഘം നിശബ്ദം
തേങ്ങി,യാതേങ്ങലില്‍
കവിതകള്‍ പെയ്തിറങ്ങി
നൊമ്പരങ്ങള്‍ വാക്കുകളായ്‌
ചിതറിവീണു കൈക്കുമ്പിളില്‍...
*********
വേനലില്‍ വരണ്ടുണങ്ങിയ
ഭൂമിയൊരു ചെറുമഴയ്ക്കായ്‌
പിടയുന്ന,വളില്‍ നിന്നു-
തിര്‍ന്ന ചുടുനിശ്വാസത്തില്‍
കരിമ്പനകളും തപിക്കുന്നു.
എന്തീയിത്ര വിമൂഖത,
ചന്നപിന്നം പെയ്യനൊരു
ചാറ്റല്‍മഴയായെങ്കിലും?
*********
ഒരിടത്തുമെത്താതെ നിര്‍ത്താതെ-
യോടുന്ന ഘടികാരമുള്ളുകള്
‍ഏതു വഴിപൊയാലുമൊരിടത്തെത്തുന്ന
മുഷിഞ്ഞ ചിന്തകളെയോര്‍മ്മിപ്പിക്കവേ,
വിരസതയ്ക്ക്‌ ആക്കം കൂട്ടാന-
ലസമായ്‌ പെയ്യുന്ന പുതുമഴ
വേദനയുടെയാഴം കൂട്ടുന്നു,
നിശബ്ദതേങ്ങലുകളതിലലിഞ്ഞില്ലാതാകുന്നു.
*********
എത്ര പെയ്താലും മടുക്കാത്ത
സ്നേഹപ്പൂമഴയുടെയൊര്‍മ്മയില്‍
പൂവും പുല്ലും തളിര്‍ത്തു,
പുതുജീവനോടെ മെല്ലെ
വിടര്‍ന്നു നിന്നുവപ്പോളും
പൊയ്തൊഴിഞ്ഞില്ല, നനഞ്ഞ മഴ!
*********
അരണ്ട തെരുവിളക്കിന്റെ
വെളിച്ചത്തില്‍ പൊന്നണിയുന്നു മഴ,
മടിയില്‍ പൂച്ചക്കുഞ്ഞിന്റെ പതുങ്ങല്‍...
മഴയുടെ താളത്തില്‍ മനസ്സും
പറന്നകലുന്നു പല ദിക്കില്‍,
പറവയായ്‌ കാടുംകടലുമാറുംകടന്ന്,
ശലഭമായ്‌ പുല്‍ത്തുമ്പിലും പൂവിലും
സ്നേഹം പൂക്കുന്ന മാരിവില്‍ത്തോപ്പിലും
പൊടുന്നനെ, വെള്ളിടിവെട്ടി:
ചിറകുകരിഞ്ഞു, ഇനി?????
*********
ഒരുതുള്ളിവെള്ളത്തിന്നായ്‌
വരന്റുതൊന്റപിളര്‍ത്തുന്ന നിലം,
മടിച്ചുമടിച്ചു വീശുന്ന വരണ്ട
പൊടിക്കാറ്റിലതിദീനയായ്‌
കരയുന്ന കരിമ്പന തലയുലച്ച്‌
കേഴുന്നു-കിഴക്കേ കോണില്‍
വളഞ്ഞു പുളയുന്ന മിന്നല്‍പിണര്‍,
തണുത്ത കാറ്റ്‌, പിന്നെ
ചുട്ടുപൊള്ളുന്ന മെയ്യില്‍തു
ള്ളിതുള്ളിയായടര്‍ന്നു വീണ്‍
മദിക്കുന്നമണ്മുയര്‍ത്തി പുതുമഴ...
*********

Tuesday, May 8, 2007

മഴ...

മഴ...
കാലത്തിന്റെ വഴിത്താരകളിലന്യമായ,
നീലാകാശത്തിന്റെ-
എന്റെ നഷ്ടസ്വപ്നങ്ങളുടെ
കാവല്‍ക്കാരന്‍.
ഇഴപൊട്ടാത്ത മഴനാരുകളില്
‍ഊര്‍ന്നിറങ്ങുന്ന കുളിര്‍
യക്ഷന്റെ
നിയത ഋതു സന്ദേശങ്ങളും
പേറിയെത്തുന്നു....
പാതി മനസ്സോടെ അരങ്ങൊഴിയുന്ന
മഴയുടെ മ്ലാനത,
എന്റെ മനോതന്ത്രികളെയും
വലിച്ചു മുറുക്കുന്നു.
വൈകിയെത്തുന്നമഴ
എന്റെ നീലമേഘങ്ങളെ
തല്ലിതകര്‍ക്കുന്നു...
ഇപ്പോള്
‍ഞാനറിയുന്നു-
ചിരിയുടെ പൊയ്മുഖവുമായെത്തുന്ന
പുതുമഴക്കു
നിസ്സങ്കതയുദെ-
ചാരനിറമാണു, മരവിപ്പാണ്‍!

Tuesday, April 24, 2007

എന്റെ കലാലയം

വിടവാങ്ങുംപോക്കുവെയിലിന്
‍പൊങ്കിരനങ്ങളാല്‍ത്തിളങ്ങും
വിദ്യാദേവതതന്
‍പുണ്യക്ഷെത്രമെന്‍ കലാലയം
പലയിടങ്ങളില്‍ നിന്നു-
മൊരുയാമത്തില്‍ പറന്നെത്തി
പല വഴിക്കായ്പിരിയു-
മീക്കിളികള്‍ക്കൊരു സാന്ത്വനകേന്ത്രം
മറക്കും നിന്‍ മടിത്തട്ടിലെത്തുന്ന
മാത്രയില്‍ സര്‍വ്വദുഖവും
മതിക്കും നി ചിരയൗവ്വന-
മലയുയര്‍ത്തും വര്‍ണ്ണരാജിയില്‍
നിത്യതേ, യൊരു കുഞ്ഞുതെന്നലാ-
യൊരുമാത്ര നിന്നില്‍ നിറഞ്ഞ്‌
നീയെകും നറുവെളിച്ചമ-
ന്തരാത്മാവില്‍ പകര്‍ത്തി
ചരിത്രമുറങ്ങും നിന്നിടനാഴിയില്‍
ഒരു കാലുചയുമുണര്‍ത്താതെ,
ചാരുതരമീ ജീവിതത്തിന്
‍അലങ്കാരശ്രമം വെടിഞ്ഞ്‌,
പറന്നുയരുമൊരുനാള്‍
നീലവാനില്‍ ഞങ്ങള്‍-
പരന്ന തീരത്തെ പുണര്‍ന്നു
ചിരിക്കും തിരമാല പോലെ

Thursday, March 29, 2007

ത്രിക്കാര്‍ത്തിക

നീലപ്രാവുകള്
‍ചിറകടിച്ചുയരുമ്പോള്‍
മിഴികളിലും കുറുകിയോ
രാഗാര്‍ദ്രമായരിപ്രാവുകള്‍...
മുറ്റത്തെ കോലമെത്രവട്ടം
ചെതം വരുത്തീ,യെത്ര
ചായം നിറച്ചൂ കളങ്ങളില്‍..
സന്ധ്യയൊഴുകിപ്പരക്കുന്നു
ചുറ്റിലുമെല്ലാ
മിഴിയിലും ത്രിക്കാര്‍ത്തിക..
ദീപങ്ങളെത്ര വയ്കണമിന്നു
കണ്ണനും വരുമൊരു തിരിനാളമായ്‌..
കുപ്പിവളകള്‍ക്കഴകു പോരാ,
മുടിയിലെ ജമന്തിപ്പൂവിന്നുമണമ്പോരാ,
കണ്ണിലെക്കരിമഷിക്കറുപ്പു പോരാ,
നെറ്റിയിലെ ചാന്തിന്നഴകു പോരാ.
ശംഖം മുഴങ്ങവെയുള്ളിലും-
മുഴങ്ങീ മങ്ങല ഘോഷങ്ങള്‍
ധനുമാസ സന്ധ്യതന്ന-
ഴകായവളൊരു കാവ്യമയീ....
കത്തിച്ച നിലവിളക്കുമായ്ക്ക്ക്കോ-
ലായിലേക്കിറങ്ങവേ, പട്ടു
പാവടതുമ്പും മൊഴിഞ്ഞു
"കണ്ണന്‍ വരുമിന്നഴകായ്‌, വെളിച്ചമായ്‌"
ആദ്യത്തെ ചിരാതു കൊളുത്തവേ
മിഴികള്‍ രണ്ടും തിളങ്ങീ-
കണ്ണാ നിനക്കായ്‌, നിന്റെ
മിഴിയൊടു തോറ്റിടുമിവയെങ്കിലും!
ഓര്‍മ്മയിലൊരു കുറുമ്പിന്റെ മണികിലുക്കം,
തലകുലുക്കി വാലുയര്‍തിപ്പായുന്നു പയ്യുകള്
‍തിങ്ങിപ്പരന്നൊഴുകുന്നു യമുനയതിന്റെ
തീരത്തായ്‌ നിക്കുന്നു, കണ്ണന്റെ രാധ!
നിമിഷങ്ങള്‍ മായവെ,തെളീക്കും
നാളങ്ങള്‍ മങ്ങുന്നുമനവും
പതറുന്നു;യെന്തേ വന്നില്ല,യിതുവരെ
സന്ധ്യയും തേയുന്നു..
ശ്രീകോവിലിലെത്തിരിയും
വന്നുപോയ്‌, വന്നിലിതുവരെ?
പറഞ്ഞിരുന്നുവല്ലൊ, വരുമെന്ന്ത്രി
ക്കാര്‍ത്തിക വിളക്കു തെളിക്കാനായ്‌..
ഏണ്ണയും വറ്റിയിച്ചിരാതുകള-
ണയുമിപ്പോളതിന്‍ മുമ്പെ-
യണയുമീ മോഹങ്ങളൂം...
എത്രകൊതിച്ചുപോയൊപ്പംനടക്കാന്‍
കൈകോര്‍ത്തീദീപങ്ങള്‍ സാക്ഷിയായ-
ഗ്രഹാരത്തെരുവിലൂടങ്ങനെ..
എത്ര കാര്‍ത്തിക കാണണം
നമുക്കെത്ര ദീപങ്ങള്‍ തെളീക്കണം...
നിലാവിലുയരുന്ന പാട്ടായുണരണം
വാസലിലെക്കോലമായ്‌ ചമയണം
അവസാനത്തെചിരാതും
പടുതിരികത്തിയണഞ്ഞി-
രുട്ടുമ്മൂടിമുഴുവനായെ,ന്നിട്ടും
വന്നില്ലിതുവരെ........
വിരല്‍തുമ്പു വെറുതേ പിടഞ്ഞു,
ചുണ്ടുകളും ചെറുതായ്‌ വിറച്ചു...
വന്നില്ലിതുവരെ, യടുത്തകാര്‍ത്തി-
കയ്ക്കിനിയെത്രനാള്‍ കാക്കണം.

Monday, March 26, 2007

തിരിച്ചറിവ്‌

ചിരിച്ചും കലഹിച്ചും
ഓടിമറയുമീ തിരക്കില്‍
വന്നതെന്തിന്‍?
എനിക്കു വേണ്ടതെന്തെന്ന-
റിയാതെയന്തിച്ചു നിക്കുമ്പോള്‍ഒ
രു നേര്‍ത്ത സ്പര്‍ശമെന്നെ
ചിന്തയില്‍ നിന്നുണര്‍ത്തീ
ചോദ്യചിഹ്നത്തോടെ
തിരിഞ്ഞുനോക്കവേ കണ്ടൂ
ആദ്യം,
നെറ്റിയിലേക്കു വീണടര്‍ന്ന
നനുത്ത മുടിയിഴക
ള്‍തിളങ്ങുന്ന മിഴികള്
‍നേര്‍ത്ത ചുണ്ടുകള്
‍പൂക്കള്‍ തുന്നിയ കുട്ടിയുടുപ്പ്‌
കണ്ണുകളോടിക്കളിക്കുന്ന ഷൂസുകള്‍...
മെല്ലെയവളെന്റെ
നേര്‍ക്കു കൈ നീട്ടി-
യതെന്തിനെന്നോര്‍ക്കവേ
ഓര്‍ത്തു ചില്ലറക്കിലുക്കം,
മിഠായി,ബിസ്ക്കറ്റ്‌, പാവ..
അന്തമില്ലാതെ നീളുമ്പോള്
‍മെല്ലെയവള്‍ ചൊല്ലി,
മന്ത്രിക്കും പൊലെ; "മ്മാ... മ്മാ.."
ഞെട്ടിത്തരിച്ചുപോയ-
വളാരെന്നുമെന്തെന്നുമോര്‍ത്തില്ല;
വാരിയെടുത്തു നിറുകിലും,
നെറ്റിയിലുമുമ്മകളുതിര്‍ന്നു വീണു
കുഞ്ഞുകൈകളെന്റെ
കഴുത്തിനെ
ചെറുതായ്‌ ചുറ്റി വരുന്നതറിഞ്ഞു
ഒരു നേര്‍ത്ത ചൂടെന്നിലമരുന്നതറിഞ്ഞു...
ഇറുകെയവളെച്ചേര്‍ക്കവേ
എന്നില്‍ പെണ്മ നിറയുന്നതറിഞ്ഞു,
ചുണ്ടിലൊരു താരാട്ടുണരുന്നതറിഞ്ഞു,
വേണ്ടതെന്തെന്നറിഞ്ഞു,
അനാഥയല്ല ഞനെന്നറിഞ്ഞു,
സ്നേഹമൊരുകുരുപ്പായ്‌
ഇലവിരിഞ്ഞതറിഞ്ഞു,ഇല്ല,
ഞാനനാഥയല്ല,ഇവളെന്റെതാണെന്റെ
മനസ്സിലെ കുരുന്ന്.....